This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചില്‍ഡ്രന്‍സ് ലൈബ്രറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചില്‍ഡ്രന്‍സ് ലൈബ്രറി

കുട്ടികള്‍ക്കു വേണ്ടിയുള്ള ഗ്രന്ഥശാല. ചെറുപ്പകാലം മുതല്‍ വായനശീലം വളര്‍ത്തിയെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആശയങ്ങള്‍ ആഴമായി മനസ്സില്‍ പതിയുന്ന കുട്ടിക്കാലത്ത് വായനശീലമുണ്ടായാല്‍ അതൊരാജീവനാന്ത സ്വഭാവമായി തുടരുന്നതാണ്. വിജ്ഞാനം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വിജ്ഞാനസമ്പാദനത്തോടൊപ്പം സ്വാശ്രയത്വം വളര്‍ത്തിയെടുക്കേണ്ടതാവശ്യമാണ്. എങ്കില്‍ മാത്രമേ വായനയില്‍ക്കൂടി വിജ്ഞാനസമ്പാദനം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാന്‍ സാധിക്കുകയുള്ളൂ.

ഈ കാര്യങ്ങള്‍ കണക്കിലെടുത്താണ് കുട്ടികള്‍ക്കുവേണ്ടിയുള്ള ഗ്രന്ഥശാലകള്‍ സ്ഥാപിക്കുവാന്‍ ശ്രമമുണ്ടായിട്ടുള്ളത്. വികസിതരാജ്യങ്ങള്‍ കുട്ടികളുടെ ഗ്രന്ഥശാലകള്‍ക്കു വലിയ പ്രാധാന്യം കൊടുക്കുന്നുണ്ടെങ്കിലും ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളില്‍ അവയ്ക്ക് ആവശ്യമായ തോതില്‍ അംഗീകാരം ഇന്നും ലഭിച്ചിട്ടില്ല. തത്ഫലമായി ചില്‍ഡ്രന്‍സ് ലൈബ്രറികളുടെ വളര്‍ച്ച മുരടിച്ചു നില്‍ക്കുകയാണ്. നമ്മുടെ വിദ്യാഭ്യാസനിലവാരം താണുപോകുന്നതിലുള്ള ഒരു പ്രധാന കാരണം ഇതാണെന്നു പറയാം.

സമൂഹത്തിലെ എല്ലാവരെയും യാതൊരു വ്യത്യാസവുമില്ലാതെ സേവിക്കുവാനുതകുന്ന സ്ഥാപനമാണ് പബ്ളിക് ലൈബ്രറി. ആ നിലയ്ക്ക് കുട്ടികളുടെ വിഭാഗവും അതിലുണ്ടായിരിക്കേണ്ടതാണ്. യുനെസ്കോയുടെ പബ്ളിക് ലൈബ്രറി മാനിഫെസ്റ്റോയില്‍ (1972) പബ്ലിക് ലൈബ്രറിക്ക് കുട്ടികളോടുള്ള ചുമതലയെപ്പറ്റി ഇപ്രകാരം പരാമര്‍ശിക്കുന്നു: 'പുസ്തകങ്ങളില്‍ അഭിരുചിയും ഗ്രന്ഥശാലകള്‍ ഉപയോഗിക്കുന്ന ശീലവും ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ത്തന്നെ വളര്‍ത്തിയെടുക്കണം. അതിനാല്‍ ഓരോരുത്തര്‍ക്കും ആവശ്യമുള്ള പുസ്തകങ്ങള്‍ അനൗപചാരികമായി തിരഞ്ഞെടുത്തു വായിക്കുന്നതിനുള്ള സൗകര്യം കുട്ടികള്‍ക്കു ചെയ്തു കൊടുക്കേണ്ട പ്രത്യേക ചുമതല പബ്ലിക് ലൈബ്രറിക്കുണ്ട്. അതിനായി പബ്ലിക് ലൈബ്രറിയില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ഗ്രന്ഥശേഖരവും അതുപയോഗിക്കുന്നതിനുള്ള സ്ഥലസൗകര്യവുമുണ്ടായിരിക്കണം. എങ്കില്‍ ചില്‍ഡ്രന്‍സ് ലൈബ്രറിക്ക് കുട്ടികള്‍ക്ക് സാംസ്കാരിക ഉത്തേജനം നല്‍കുന്ന ഉറവിടമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.

വികസിതരാജ്യങ്ങളിലെ പബ്ലിക് ലൈബ്രറികളില്‍ കുട്ടികളുടെ വിഭാഗത്തിന് എന്നും ഊന്നല്‍ കൊടുത്തിട്ടുണ്ട്. ഇന്ത്യയിലെ പല പ്രധാന പബ്ലിക് ലൈബ്രറികളിലും ചില്‍ഡ്രന്‍സ് ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ സാമാന്യം നന്നായി പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ വിഭാഗമുണ്ട്. യുനെസ്കോയുടെ ധനസഹായത്തോടെ 1952-ല്‍ ആരംഭിച്ച ഡല്‍ഹി പബ്ളിക് ലൈബ്രറിയിലും നല്ല ഒരു ചില്‍ഡ്രന്‍സ് ലൈബ്രറി പ്രവര്‍ത്തിച്ചുവരുന്നു.

പബ്ലിക് ലൈബ്രറികളോടു ബന്ധപ്പെടാതെ സ്വതന്ത്രസ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ലൈബ്രറികളുമുണ്ട്. ഈ രീതിയില്‍ പ്രശംസാര്‍ഹമായി നടത്തുന്ന ഒരു ലൈബ്രറിയാണ് കോട്ടയത്തെ ചില്‍ഡ്രന്‍സ് ലൈബ്രറി.

സ്കൂള്‍ ലൈബ്രറികളെ, പ്രത്യേകിച്ച് അപ്പര്‍ പ്രൈമറിതലം വരെയുള്ള സ്കൂള്‍ ലൈബ്രറികളെ, ചില്‍ഡ്രന്‍സ് ലൈബ്രറികളായി കണക്കാക്കാം. കുട്ടികള്‍ക്കു വേണ്ടിയുള്ള ലൈബ്രറി പ്രവര്‍ത്തനം ഒരു പബ്ളിക് ലൈബ്രറിയുടെ അനേകം ചുമതലകളില്‍ ഒന്നു മാത്രമാണ്. എന്നാല്‍ സ്കൂള്‍ ലൈബ്രറികള്‍ കുട്ടികള്‍ക്കു മാത്രമായിട്ടുള്ളതായതിനാല്‍ കുട്ടികളെ സംബന്ധിച്ചിടത്തോളം സ്കൂള്‍ ലൈബ്രറികള്‍ വളരെ പ്രധാനപ്പെട്ടവയാണ്. 1952-ല്‍ ഇന്ത്യാഗവണ്‍മെന്റ് നിയോഗിച്ച സെക്കണ്ടറി എഡ്യൂക്കേഷന്‍ കമ്മിഷന്‍, സ്കൂള്‍ വിദ്യാഭ്യാസത്തില്‍ സ്കൂള്‍ ലൈബ്രറികള്‍ക്കുള്ള പ്രാധാന്യത്തെയും അവ കാര്യക്ഷമമായി നടത്തേണ്ടതിന്റെ ആവശ്യകതയെയും പറ്റി ഊന്നി പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ സ്കൂള്‍ ലൈബ്രറികളെപ്പറ്റി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (NCERT) നടത്തിയിട്ടുള്ള സര്‍വേയില്‍ അവയുടെ ഇന്നത്തെ ശോച്യാവസ്ഥ വെളിപ്പെടുത്തുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ സ്കൂള്‍ ലൈബ്രറികള്‍ ഇന്ന് കാര്യമായ ഒരു പങ്കും വഹിക്കുന്നില്ല. വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിന് സ്കൂള്‍ ലൈബ്രറികളെ സജീവമാക്കേണ്ടത് പരമപ്രധാനമായ കാര്യമാണ്.

ചില്‍ഡ്രന്‍സ് ലൈബ്രറി പ്രവര്‍ത്തനം കുട്ടികളുടെ ഗ്രന്ഥപാരായണത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കരുത്. പുസ്തകങ്ങളെ കേന്ദ്രീകരിച്ച്, കുട്ടികളുടെ ക്രിയാത്മകവും സര്‍ഗാത്മകവുമായ വാസനകളെ വികസിപ്പിച്ചെടുക്കുന്നതിനുപകരിക്കുന്ന പരിപാടികളാവിഷ്കരിച്ചു നടപ്പാക്കണം. കുട്ടികളെ കഥ പറഞ്ഞു കേള്‍പ്പിക്കുക, ചിത്രരചന, സാഹിത്യരചന, ക്വിസ് എന്നിവയില്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കുക തുടങ്ങിയ വലതും ഇതിലുള്‍പ്പെടുന്നു.

ചില്‍ഡ്രന്‍സ് ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലൈബ്രറി സയന്‍സിലുള്ള പരിശീലനത്തിനു പുറമേ കുട്ടികളുടെ അഭിരുചികള്‍, മനഃശാസ്ത്രം മുതലായ കാര്യങ്ങളില്‍ അറിവും താത്പര്യവുമുണ്ടായിരിക്കണം. കുട്ടികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം മനസ്സിലാക്കുവാനും നിറവേറ്റിക്കൊടുക്കുവാനും അവര്‍ക്ക് സാധിക്കണം. കുട്ടികളില്‍ വായനാശീലവും ലൈബ്രറിയിലുള്ള താത്പര്യവും വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി ലൈബ്രറിയുമായി അഭേദ്യമായ ആജീവനാന്ത ബന്ധം ഉറപ്പിച്ചെടുക്കുവാനുള്ള ഒരവസരമായി അതു പ്രയോജനപ്പെടുത്തണം. ചില്‍ഡ്രന്‍സ് ലൈബ്രറി പ്രവര്‍ത്തനം ലൈബ്രറി സയന്‍സിലെ പ്രത്യേക പഠനവിഷയമായി ഇന്നു വളര്‍ന്നിട്ടുണ്ട്.

ചില്‍ഡ്രന്‍സ് ലൈബ്രറിയില്‍ പുസ്തകങ്ങള്‍ മാത്രം ശേഖരിച്ചാല്‍ പോര, വിജ്ഞാനവിതരണത്തിനുള്ള എല്ലാ മാധ്യമങ്ങളുമുണ്ടായിരിക്കണം. ദൃശ്യശ്രവണ മാധ്യമങ്ങള്‍ക്ക് പ്രധാനസ്ഥാനം നല്‍കണം.

ലൈബ്രറിഹാള്‍ പെട്ടെന്നു ശ്രദ്ധിക്കപ്പെടുന്നതും കുട്ടികള്‍ക്ക് അനായാസം എത്തിച്ചേരാവുന്നതുമായ സ്ഥാനത്തായിരിക്കണം. പുസ്തകങ്ങള്‍ ആകര്‍ഷകമായി ക്രമീകരിച്ചിരിക്കണം. കുട്ടികള്‍ക്കു സുഖമായും സൗകര്യമായുമിരുന്നു വായിക്കുവാനുള്ള ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം. ലൈബ്രറിയുടെ അന്തരീക്ഷം എല്ലാ രീതിയിലും ആകര്‍ഷകമാക്കുവാന്‍ ശ്രദ്ധിക്കുകയും വേണം.

(പ്രൊഫ. കെ.എ. ഐസക്ക്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍